28-September-2023 -
By. Business Desk
കൊച്ചി: രാജ്യത്തെ പ്രമുഖ സ്മോള്‍ ഫിനാന്‍സ് ബാങ്കുകളിലൊന്നായ ഉത്കര്‍ഷ് ബാങ്ക് എ ടി എം നെറ്റ്വര്ക്കുകളില് യൂണിഫൈഡ് പെയ്മെന്റ് ഇന്റര്‍ഫേസ് (യു പി ഐ) ഉപയോഗിച്ച് കാര്‍ഡ് ഇല്ലാതെ പണം പിന്‍വലിക്കാനാകുന്ന ഇന്ററോപെറബിള്‍ കാര്‍ഡ് ലെസ്സ് ക്യാഷ് വി ത്ത്ഡ്രോവല്‍ (ഐ സി സി ഡബ്ല്യു) സംവിധാനം നിലവില്‍ വന്നതായി മാനേജിംഗ് ഡയറക്ടര്‍ ഗോവിന്ദ് സിംഗ് അറിയിച്ചു.
ആധുനിക ബാങ്കിംഗിന്റെ ആണിക്കല്ലായി മാറിക്കൊണ്ടിരിക്കുന്ന ഐ സി സി ഡബ്ല്യു ദൈനംദിന സാമ്പത്തിക ഇടപാടുകള്‍ കൂടുതല്‍ എളുപ്പത്തില്‍ പ്രാപ്യമാക്കുന്നതും, സുരക്ഷിതവും, സൗകര്യപ്രദവുമാക്കാന്‍ ബാങ്ക് ഉപഭോക്താക്കളെ സഹായിക്കും. ഉത്കര്‍ഷ് എ ടി എമ്മില്‍ യു പി ഐ ക്യാഷ് പിന്‍വലിക്കല്‍ ഓപ്ഷന് തെരഞ്ഞെടുത്ത ശേഷം സ്ക്രിനില്‍ ക്യു ആര് കോഡ് ഡിസ്പ്ളേ ട്രിഗര്‍ ചെയ്തു പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്ന തുക ടൈപ്പ് ചെയ്യണം. തുടര്‍ന്ന് ക്യു ആര് കോഡ് സ്കാന്‍ ചെയ്യാനായി ഐ സി സി ഡബ്ലിയു പ്രവര്‍ത്തനക്ഷമമാക്കിയ ഒരു യു പി ഐ ആപ്പ് ഉപയോഗിക്കുക. പിന്നീട് യു പി ഐ പിന്‍കോഡ് നല്കി ഇടപാടിന് അംഗീകാരം നല്‍കുന്നതോടെ പണം ലഭിക്കുന്നതാണ് ഇതിന്റെ പ്രവര്‍ത്തന ക്രമം.
മൊബൈല്‍ ഫോണില്‍ ബി എച്ച് ഐ ഉത്കര്‍ഷ്, ബി എച്ച് ഐ എം യു പി ഐ അല്ലെങ്കില്‍ ഏതെങ്കിലും ഐ സി സി ഡബ്ല്യു സൗകര്യമുള്ള യു പി ഐ ആപ്ലിക്കേഷന്‍ എന്നിവ ഉപയോഗിച്ച് മറ്റു ബാങ്കുകളുടെ ഉപഭോക്താക്കള്‍ക്കും ഈ സേവനം ലഭ്യമാക്കാം. ഒരു യുപിഐ ഐ ഡിയുമായി ലിങ്ക് ചെയ്തിരിക്കുന്ന ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളുള്ളവര്‍ക്കും അവരുടെ അക്കൗണ്ട് തിരഞ്ഞെടുത്തു ഈ സംവിധാനത്തിലൂടെ ഇടപാടുകള്‍ നടത്താനാകും. ഇത് പല ബാങ്കുകളുടെ കാര്‍ഡുകള്‍ ഒരേസമയം കൊണ്ടു നടക്കുന്നത് ഒഴിവാക്കാനാകുമെന്നതും ഇതിന്റെ പ്രത്യേകതകളില്‍ ഒന്നാണ്.
പ്രതിദിനം രണ്ട് ഇടപാടുകളെന്നും ഒരു ഇടപാടില്‍ പരമാവധി 10,000 രൂപ എന്ന പരിധിയും നിശ്ചയിച്ചിട്ടുണ്ട്.രാജ്യത്തെ എല്ലാ ബാങ്കുകളുടെയും എ ടി എമ്മുകളില്‍ കാര്‍ഡില്ലാതെ പണം പിന്‍വലിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ആര് ബി ഐയുടെ നിര്‍ദ്ദേശമുണ്ട്. വരും തലമുറയെ പ്രതിനിധീകരിക്കുന്ന ബാങ്കിംഗ് സൊലൂഷനുകള്‍ ലഭ്യമാക്കുന്നതില്‍ ബാങ്ക് അതീവ ശ്രദ്ധ പുലര്‍ത്തുന്നുണ്ടെന്നും മാനേജിംഗ് ഡയറക്ടര്‍ ഗോവിന്ദ് സിംഗ് അറിയിച്ചു.